District News
നിലമ്പൂർ:ഓപ്പറേഷൻ സി.വൈ ഹണ്ട്. നിലമ്പൂരിൽ ഒരാൾ അറസ്റ്റിൽ തട്ടിപ്പുകാരെ വലയിലാക്കാന്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ സിവൈ ഹണ്ട് പരിശോധന.ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്കി പണസമ്പാദനം നടത്തുന്ന പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പോലീസിന്റെ പരിശോധനകളും നടപടികളും.നിലമ്പൂരില്‍ സമാന കേസ്സില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി ഇ.കെ റിബിനാണ് പിടിയിലായത്.നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ഇയാളുടെ ഇന്ത്യന്‍ ബാങ്ക് നിലമ്പൂര്‍ ബ്രാഞ്ചിലെ് അക്കൗണ്ടുമായി ബന്ധപ്പെട്ട് എട്ട് പരാതികള്‍ വന്ന സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി.എസ് ബിനു, എസ്.ഐ പി.ടി.സൈഫുല്ല എന്നിവരാണ് പരിശോധനകള്‍ നടത്തിയത്.
ഇയാളുടെ അക്കൗണ്ടില്‍ കഴിഞ്ഞമാസം 10 നും 11 നുമായി 12,35,192. രൂപ നിക്ഷേപം വരികയും ഈ രണ്ടു ദിവസങ്ങളിലായി 12,33,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.അക്കൗണ്ടില്‍ ബാലന്‍സുള്ള 2,192 രൂപക്കു പുറമേ 5000 രൂപ ക്യാഷ് ആയി ലഭിച്ചതായും പിടിയിലായ റിബിന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സി.പി.ഒ മാരായ ആഷിഷ് വിപിന്‍,സന്ധ്യ,എസ് സിപിഒ സുമിത്ര എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പണം കൈമാറിയവരെ കുറിച്ചും സൂചനകള്‍ ലഭിച്ചതായും തുടരന്വേഷണം നടത്തി വരുന്നതായും എസ്ഐ പിടി സൈഫുല്ല പറഞ്ഞു.ഓണ്‍ലൈന്‍ തട്ടിപ്പിനിരയാവുന്നവര്‍ സമയം നഷ്ടപ്പെടുത്താതെ ഉടന്‍ 1930 നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും പോലീസ് പറഞ്ഞു.
District News
പത്തനംതിട്ട: സൈബർ തട്ടിപ്പുകാരെ വലയിലാക്കാൻ പത്തനംതിട്ട പോലീസ് നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ12 പേർ അറസ്റ്റിലായി. സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിന്റെ ഭാഗമായ പരിശോധനയിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തു. 30 ഓളം റെയ്ഡുകളാണ് നടത്തിയത്. അക്കൗണ്ടിൽ ലഭിച്ച പണം ചെക്ക് വഴിയോ, എടിഎം മുഖാന്തിരമോ പിൻവലിച്ചവരാണ് അറസ്റ്റിലായവരിൽ കൂടുതലും.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരുന്നതിന് പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളേയും സഹായികളേയും പിടികൂടാനാണ് വ്യാപകമായി റെയ്ഡ് നടന്നത്. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 6.30 ന് തുടങ്ങിയ റെയ്ഡിൽ, ഡിസ്ട്രിക്റ്റ് ക്രൈം റിക്കാർഡ് ബ്യൂറോ ഡിവൈഎസ്പി ബിനു വർഗീസ്, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ എന്നിവരുൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ 200 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
അനധികൃത പ്രവർത്തനങ്ങൾക്കായി മറ്റു വ്യക്തികളുടെയോ, സ്ഥാപനങ്ങളുടെയോ കൈയിൽ നിന്ന് വാടകയ്ക്ക് എടുക്കുന്ന ബാങ്ക് അക്കൌണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പുനടത്തുന്നത്. ഇത്തരം അക്കൗണ്ടുകൾ ഏതുതരം പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്താറില്ല.
ഡിജിറ്റൽ അറസ്റ്റ്, ഓൺലൈൻ ഷെയർ ട്രേഡിംഗ്, ഓൺലൈൻ പാർട്ട് ടൈം ജോബ്, ഹണി ട്രാപ്പ്, ഓൺലൈൻ ഗെയിം, ഓൺലൈൻ ലോൺ ആപ്പ് എന്നിവയിലൂടെ പൊതുജനങ്ങളിൽ നിന്നും പണം തട്ടിയെടുക്കാൻ വേണ്ടി ഇത്തരത്തിലുള്ള വാടകയ്ക്ക് എടുത്ത അക്കൗണ്ടുകളാണ് ഉപയോഗിച്ചു വരുന്നതെന്ന് പോലീസ് പറഞ്ഞു. വൻ റാക്കറ്റുകൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.